ബജാജ് അലയന്‍സ്-ധനലക്ഷ്മി ബാങ്ക് സഹകരണ കരാര്‍ പുതുക്കി

ബജാജ് അലയന്‍സ്-ധനലക്ഷ്മി ബാങ്ക് സഹകരണ കരാര്‍ പുതുക്കി

തിരുവനന്തപുരം:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, സ്വകാര്യ മേഖലയിലെ ഏറ്റവും പഴക്കംചെന്ന ബാങ്കുകളിലൊന്നായ ധനലക്ഷ്മിയുമായുള്ള കോര്‍പറേറ്റ് ഏജന്‍സി കരാര്‍ പുതുക്കി. 

കമ്പനികള്‍ തമ്മില്‍ ഏറെ കാലമായുള്ള സഹകരണം മറ്റൊരു കാലാവധിയിലേക്കു കൂടി പുതുക്കി. കരാര്‍ അനുസരിച്ച് ധനലക്ഷ്മി ബാങ്ക്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടരും. 2009ല്‍ തുടങ്ങിയ സഹകരണമാണിത്. കോര്‍പറേറ്റ് സഹകാരി എന്ന നിലയില്‍ ധനലക്ഷ്മി ബാങ്ക് ഇതുവരെ 365 കോടി രൂപയുടെ ബിസിനസ് ഇടപാടുകള്‍ ബജാജ് അലയന്‍സിനായി ചെയ്തിട്ടുണ്ട്. 

ധനലക്ഷ്മി ബാങ്കിന് കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളിലായി 644 ടച്ച് പോയിന്റുകളുണ്ട്. ബാങ്കിന്റെ ഗുരുവായൂര്‍ ഓഫീസില്‍ ബജാജ് അലയന്‍സിന്റെ ബാങ്ക് അഷുറന്‍സ് മേധാവി രാമചന്ദ്ര പണ്ഡിറ്റും ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠനും ചേര്‍ന്നാണ് കരാര്‍ പുതുക്കി ഒപ്പുവച്ചത്.

ഒരു ദശകത്തോളമായി ധനലക്ഷ്മി ബാങ്കുമായുള്ള സഹകരണം തുടരുന്നുവെന്നും ഇരുവര്‍ക്കും ഇതുവഴി നേട്ടമുണ്ടായിട്ടുണ്ടെന്നും സഹകരണം ശക്തമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഘ് പറഞ്ഞു. 

 

ബജാജ് അലയന്‍സുമായുള്ള സഹകരണം തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും ഈ സഹകരണം വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമറിഞ്ഞുള്ള നിക്ഷേപങ്ങള്‍ നല്‍കാനും ജീവിതത്തിന് കൂടുതല്‍ മൂല്യം കല്‍പ്പിച്ചു നല്‍കാനും സാധിച്ചിട്ടുണ്ടെന്നും ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ ജി. ശ്രീരാം പറഞ്ഞു.